ദര്‍ശനം @ വെറും ₹ 2500

ഒന്നാമന്‍: ഈ നശിച്ച ജനങ്ങളെക്കൊണ്ട് തോറ്റു. ദൈവത്തിനു കാല്ക്കാശു കാണിക്കയിടുകയുമില്ല, ഒരു നൂറുകൂട്ടം പരാതി പറച്ചിലും...
രണ്ടാമന്‍: ഒരു പരിഹാരമുണ്ട്, അങ്ങ് അനുവദിച്ചാല്‍...
ഒന്നാമന്‍: ഹും.. കാശുകിട്ടുന്ന കാര്യമാണേല്‍ പറഞ്ഞാല്‍ മതി.
രണ്ടാമന്‍: അതെ,ഗുണമുണ്ടാകും.
ഒനാമന്‍: പറയൂ, കേള്‍ക്കട്ടെ...
രണ്ടാമന്‍: നമുക്ക് ഇപ്പോള്‍ ഉള്ള പൂജാ, വഴിപാട് ഫീസുകള്‍ ഇരട്ടിയോ അതില്‍ കൂടുതലോ ആക്കാം.
ഒന്നാമന്‍: അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാകുമോ?ഈ ബ്ലഡി ഭക്തര്‍ ഈ പൂജയും വഴിപാടും വേണ്ടെന്നു വച്ചാലോ?
രണ്ടാമന്‍: എങ്കില്‍ നമുക്ക് ഈ സിനിമ കൊട്ടകകളിലെപ്പോലെ ടിക്കറ്റ്‌ വച്ച് പ്രദര്‍ശനം...ശ്ശെ ദര്‍ശനം നടത്തിയാലോ... ദര്‍ശനം ആരും വേണ്ടാന്നു വക്കില്ലല്ലോ?
ഒന്നാമന്‍: അപ്പോള്‍ ഭക്തര്‍ പ്രശ്നമുണ്ടാക്കില്ലേ? അല്ലെല്‍ത്തന്നെ അരവണപ്രശനം റോഡ്‌ പ്രശ്നം അങ്ങനെ നൂറു പ്രശ്നങ്ങളുണ്ട്…
രണ്ടാമന്‍: പോകാന്‍ പറ അവന്മാരോട്, നമ്മളിതൊക്കെ എത്രകണ്ടിരിക്കുന്നു. മാത്രമല്ല വേണമെങ്കില്‍ ദര്‍ശന സമയം കൂട്ടി നമുക്ക് അവരെ പ്രീതിപ്പെടുത്താം, ഏതു…?
ഒന്നാമന്‍: അത് കൊള്ളാം. ഇവിടെകിടന്നു നിനക്ക് വിവരം വച്ച് തുടങ്ങിയല്ലോ... പക്ഷെ റേറ്റ് ഒക്കെ പ്രീമിയം മാത്രം മതി.
രണ്ടാമന്‍: മതി, അതാവുമ്പോള്‍ ഈ കച്ചറ പാര്‍ടീസ് ഒന്നും ഇങ്ങു വരികയുമില്ല. തിക്കും തിരക്കുമൊക്കെ കുറച്ചു കുറയും.
ഒന്നാമന്‍: ഹം.., ദൈവത്തോട്‌ ഒന്ന് ചോദിക്കണോ? അല്ല ഒരു ദേവപ്രശ്നമോ മറ്റോ നടതണോ ?....
രണ്ടാമന്‍: എന്തിനു?, പുള്ളിക്കെന്തിനാ കാശ്. അതുമിതുമോന്നും ആലോചിക്കണ്ടാ.. ഞാന്‍ ഉടന്‍തന്നെ എല്ലാം എഴുതി റെഡി ആക്കാം.
ഒന്നാമന്‍: ഹം... ആ മകരവിളക്ക്‌ സംഭവം കഴിഞ്ഞതോടെ ബിസിനെസ്സ് ഒക്കെ ഡള്ലാണ്.. ഇതുകൊന്ടെങ്കിലും ഒന്ന് പച്ച പിടിച്ചാല്‍ മതിയായിരുന്നു…
രണ്ടാമന്‍: എല്ലാം ശരിയാകുമെന്നെ…
________________________________________________________________
ദൈവത്തിന്‍റെ പേരിലുള്ള കച്ചവടം ഇന്നുമിന്നലെയുമോന്നും തുടങ്ങിയതല്ല. ശരാശരി മനുഷ്യന്റെ ദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ആരും ആരെയും പഠിപ്പിക്കുകയും വേണ്ട. ചിലര്‍ വിദ്യാഭ്യാസം കച്ചവടമാക്കി,മറ്റുചിലര്‍ അനാഥാലയങ്ങള്‍ ‘സേവന'കേന്ദ്രങ്ങളാക്കി. മറ്റുചിലര്‍ ആരാധനാലയങ്ങള്‍ കച്ചവടസ്ഥലങ്ങളാക്കി… എന്നാലും പഴയ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്, എന്താന്നുവച്ചാല്‍ ഇപ്പോള്‍ ഇതൊക്കെ തുറന്നു  സമ്മതിക്കാന്‍ ഈ കച്ചവടക്കാര്‍ക്ക് ഒരു ഉളുപ്പുമില്ല!!!